Wednesday, June 24, 2009

ഉര്‍ജ

മനസ്സിലെ പുല്‍ത്തകിടിയില്‍
ചൂടുള്ള പാദസ്പര്‍ശമായി ഉര്‍ജ
കൈവിട്ടുപോയൊരു വിരല്‍തുംപിനെ
എത്തിപ്പിടിക്കാനൊരുങ്ങുന്ന കുഞ്ഞിക്കൈ,
എന്‍റെ കൈവിരല്‍ തട്ടി മാറ്റി
പിന്നെയും മുന്നോട്ടു നീങ്ങുന്നു.
പെയ്തു തീരാത്ത ഒരു മേഘം
ആ കണ്ണുകളില്‍ മഷിയെഴുതിയിരുന്നു.
ചുവപ്പ് നിറം വാര്‍ന്ന കവിളില്‍
കണ്ണീര്‍ച്ചാലുകള്‍ കറുപ്പ് പൂശിയിരുന്നു
വാരിയെടുക്കാന്‍ നീളുന്ന കൈകളില്‍
അവള്‍ തിരയുന്നതെന്താണ്?
ആര്‍ത്തലച്ചു വരുന്നൊരു സങ്കടപ്പെരുമഴ
എന്‍റെ കാഴ്ച മറച്ചതെന്തേ?
നെഞ്ഞിലൊരു തീരാ നൊമ്പരത്തെ ചേര്‍ത്തു-
പിടിച്ചോരമമയെങ്ങാനും തേങ്ങുന്നുണ്ടാം

13 comments:

സംഗീത June 24, 2009 at 6:20 PM  

ഉര്‍ജ ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ കുട്ടിയാണ്. കൃഷ്ണയുടെ പ്രായം. ഉര്‍ജയുടെ പിറന്നാളിന് ഞാനും കൃഷ്ണയും കൂടിയാണ് പോയത്. വെള്ള ഉടുപ്പില്‍ ഒരു മാലാഖക്കുട്ടി. ചുവന്നു തുടുത്ത കവിളില്‍ ചെറിയ കറുത്ത പൊട്ട്‌ ഒട്ടിച്ചുവെച്ചിരിക്കുന്നു. തൂവെള്ള നിറമുള്ള ആ സുന്ദരിക്കുട്ടിയെ കണ്ടപ്പോള്‍ എന്‍റെ കൃഷ്ണ കറുപ്പ് നിറമാണല്ലോ എന്ന് ചെറിയ സങ്കടം തോന്നി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കൃഷ്ണയുടെ പിറന്നില്നു ക്ഷണിക്കാന്‍ ഞങ്ങള്‍ ഉര്‍ജയുടെ വീട്ടില്‍ പോയി. ഉര്‍ജ മെലിഞ്ഞു പോയിരുന്നു. കവിളുകള്‍ വാര്‍ന്നു, കണ്ണിലെ തിളക്കം മങ്ങി ഒരു മൂലയില്‍ തനിച്ചിരിക്കുന്നു. ഉര്‍ജയുടെ അമ്മയെ അവിടെയൊന്നും കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അവര്‍ പുറത്തു പോയി എന്നാണ് പറഞ്ഞത്. പിന്നീട് അറിഞ്ഞു അവര്‍ വിവാഹമോചനം നേടി പോയെന്ന്. ഒരു വയസ്സ് മാത്രം പ്രായമുള്ള മകളെ ഉപേക്ഷിച്ച്. എത്ര ശ്രമിച്ചിട്ടും എനിക്ക് അത് ഉള്‍ക്കൊള്ളാനായില്ല. ഒരു മണിക്കൂര്‍ പോലും കൃഷ്ണയെ കാണാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്നിരിക്കെ എങനെ അവര്‍ക്ക് ആ കുട്ടിയെ ഉപേക്ഷിച്ച് പോകാനായി. ആ നൊമ്പരമാണ് ഉര്‍ജ. കവിതയായോ എന്നറിയില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി June 24, 2009 at 7:10 PM  

മനസ്സിനെ വല്ലാതെ സ്പർശിച്ചത് കവിത വായിച്ചതിന് ശേഷം സംഗീതയുടെ തന്നെ കമന്റ് വായിച്ചപ്പോഴാണ്. പേര് ഉർജ എന്നോ അതോ ഊർജ്ജ എന്നോ? ഏതായാലും നന്നായി എഴുതിയിരിക്കുന്നു..
ആശംസകളോടെ,

ശ്രീ..jith June 24, 2009 at 8:01 PM  

വല്ലാത്ത നൊമ്പരം അനുഭവപ്പെടുന്നു .. അവള്‍ തിരയുന്നത് അമ്മയുടെ കൈത്തലങ്ങള്‍ ആകാം ..
മാറോടു അണക്കുന്ന സുരക്ഷിതത്തിന്റെ കൈത്തലങ്ങള്‍ ...

RANJITH ADAT June 24, 2009 at 8:42 PM  

ഹൃദയസ്പര്‍ശിയായ വരികള്‍ ....
ആശംസകള്‍് ...

mini//മിനി June 24, 2009 at 10:04 PM  

മനസ്സില്‍ ഒരു നൊമ്പരം ഉയരുന്നു...

cEEsHA June 24, 2009 at 11:47 PM  
This comment has been removed by the author.
cEEsHA June 24, 2009 at 11:48 PM  

നന്നായിരിക്കുന്നു...

കമന്റ്‌ വായിച്ചു കഴിഞ്ഞ് കവിത വീണ്ടും വായിച്ചു... സങ്കടപ്പെടുത്തി...!

Prajeshsen June 25, 2009 at 9:35 AM  

nice post sangeetha
varikalili thante vishatham padarukayanalloooooo

Anoop Nath June 26, 2009 at 10:21 AM  

Very Nice Sangeetha! You have a unique skill to touch ones mind with your words

rajesh June 26, 2009 at 12:20 PM  

സഹോദരീ 'ഊര്‍ജ്ജ ' മനസ്സില്‍ നൊമ്പരം തന്നെ .കവിതയായോ എന്നാ ചോദ്യത്തിന് പ്രസക്തിയില്ല .ഹൃദ്യമായ /ആസ്വാദ്യകരമായ കാര്യങ്ങള്‍ (ഊര്‍ജ്ജ കണ്ണുനീരിന്റെ ആസ്വാദ്യതയാണ് തരുന്നത് .കണ്ണുനീരിനു ആസ്വാദ്യതയുണ്ട് ...അല്ലേ) എഴുതുകയും വായിക്കുന്നവര്‍ക്കും ആ വികാരം അനുഭവ വേദ്യമാകുന്നതിലും ആണ് കാര്യം .അതില്‍ സഹോദരി പൂര്‍ണ്ണ വിജയം,നിസ്സംശയം .കൂടുതല്‍ എഴുതി മനസിനെ പരുവപ്പെടുത്തുക .എല്ലാ ഭാവുകങ്ങളും നേരുന്നു .
*********************************
കണ്ണുകള്‍ക്ക്‌ ഊര്‍ജ്ജമില്ല
അമ്മയെ തിരക്കി അത് ഊര്‍ജ്ജം
നഷ്ടപ്പെടുത്തി ....
ഇനി ഞാന്‍ തളര്ന്നുറങ്ങട്ടെ
കപടമാം ബന്ധങ്ങള്‍ വാല്മീകം
തീര്‍ത്ത എന്റെ ചുറ്റിലും
അന്തഛിദ്രത്തിന്റെ ചിതലുകള്‍
ഈ അന്ധകാരത്തില്‍ ഞാന്‍
കാലിടരുമ്പോള്‍ താങ്ങായി അമ്മയില്ല
ഉറക്കത്തില്‍ ,
മുലപ്പാല്‍ഗന്ധം ഓര്‍ക്കുമ്പോള്‍ ,
ഉണര്‍ന്നു കരയുമ്പോള്‍ ,
ചുണ്ടുകള്‍ ആര്‍ത്തിയോടെ നീളുമ്പോള്‍ ..
ഒന്നുഞാനറിഞ്ഞു വാല്മീകങ്ങള്‍ക്ക്
കനം വച്ചിരിക്കുന്നു ...
ഞാന്‍ ഊര്‍ജ ....
***********************************
http://rajeshshiva2009.weebly.com
***********************************

ഷാജു June 26, 2009 at 11:58 PM  

ഉണ്ണികളെയുപേക്ഷിക്കുന്നവര്‍ ഉണ്മകളെയുപേക്ഷിക്കുന്നവര്‍...

തുടരുക..
ആശംസകള്‍.

സംഗീത July 3, 2009 at 5:07 PM  

എന്‍റെ ഉര്‍ജയെ ഇഷ്ടപ്പെട്ട, അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും നന്ദി. ഇത് പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് ഒരുപാട് തവണ ഞാന്‍ ആലോചിച്ചു. വായനക്കാര്‍ ഇതെങ്ങിനെ സ്വീകരിക്കും എന്ന്. ഒരു കവിതയുടെ രൂപം മാത്രമേ അതിനുള്ളൂ. എന്‍റെ മനസ്സില്‍ അത് എഴുതുമ്പോള്‍ ഉണ്ടായിരുന്ന വികാരത്തിന്റെ പകുതി പോലും അക്ഷരങ്ങളിലേക്ക് പകരാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.
രണ്ടു മാസത്തോളം മനസ്സില്‍ കൊണ്ട് നടന്നതിനു ശേഷമാണ് ഞാന്‍ അത് എഴുതിയത്. പല തവണ എഴുതാനിരുന്നെങ്കിലും ഒന്നോ രണ്ടോ വരി എഴുതി നിര്‍ത്തേണ്ടിവന്നു. അവസാനം അത് ഇപ്പോള്‍ കാണുന്ന രൂപത്തില്‍ ആയി. ഇനി ഇതിലും നന്നായി എഴുതാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോഴാണ്‌ പോസ്റ്റ്‌ ചെയ്യാം എന്ന് കരുതിയത്‌. മനസ്സില്‍ ഉണ്ടായിരുന്നതെല്ലാം വരികളില്‍ പകര്‍ത്താനായില്ല. കവിതാ രൂപത്തില്‍ നിന്ന് മാറ്റാനും തോന്നിയില്ല. എഴുതാതിരുന്നാല്‍ അത് ഉര്‍ജയോട് ചെയ്യുന്ന അനീതിയാവും എന്ന് തോന്നി. വായിക്കുന്നവര്‍ക്ക് മനസ്സിലാവാന്‍ വേണ്ടിയാണ് ആദ്യം തന്നെ കമന്‍റ് കൊടുത്തത്. അഭിപ്രായം അറിയിച്ച സുകുമാരന്‍ സര്‍, ശ്രീജിത്ത്‌, ഷിബു, മിനി ടീച്ചര്‍, രഞ്ജിത്ത്, ceesha,പ്രജേഷ്, അനൂപ്‌, രാജേഷ്‌, ഷാജു എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. സുകുമാരന്‍ സര്‍ ചോദിച്ചതുപോലെ ഉര്ജ ആണോ ഊര്‍ജ ആണോ എന്നറിയില്ല. ഗുജറാത്തിയില്‍ അവര്‍ ഉര്ജ എന്ന് പറയുന്നു. അര്‍ഥം ഇടിമിന്നല്‍, ഊര്‍ജം എന്നൊക്കെത്തന്നെ. രാജേഷിന്റെ വ്യാഖ്യാനം ഒരുപാട് ഇഷ്ടമായി . ഞാന്‍ അങ്ങനെയൊരു വശത്തെക്കുറിച്ച് ചിന്തിച്ചില്ല. നന്ദി .

ദിനേശന്‍ വരിക്കോളി October 3, 2009 at 8:41 AM  

''മനസ്സിലെ പുല്‍ത്തകിടിയില്‍
ചൂടുള്ള പാദസ്പര്‍ശമായി ഉര്‍ജ
കൈവിട്ടുപോയൊരു വിരല്‍തുംപിനെ
എത്തിപ്പിടിക്കാനൊരുങ്ങുന്ന കുഞ്ഞിക്കൈ,
എന്‍റെ കൈവിരല്‍ തട്ടി മാറ്റി
പിന്നെയും മുന്നോട്ടു നീങ്ങുന്നു.''
നന്നായിരിക്കുന്നു.....ആശംസകള്‍് ...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP